Monday, August 31, 2009

ഞൊട്ടാഞൊടികള്‍...


"ഇത്ര നേരത്തെ എങ്ങോടാ നീ? ഇപ്പോള്‍ ചെന്നാല്‍ സ്കൂള്‍ ‍പോലും തുറന്നിട്ടുണ്ടാകില്ല."
മിക്കവാറും കേള്‍ക്കുന്നതാണ്‌ ഈ ചോദ്യം. ഉത്തരത്തില്‍ വല്യ കാര്യമില്ലെന്നും അറിയാം. എന്നിട്ടും ആരോടെന്നില്ലാതെ പറഞ്ഞു.
"കൂട്ടുകാരെല്ലാം എത്തിക്കാണും".
പിന്നെ നിന്നില്ല. സഞ്ചിയും എടുത്തു ഓടി. നേരെ തൊട്ടടുത്തുള്ള കൂട്ടുകാരന്റെ വീട്ടു മുറ്റത്തേക്ക്‌.
"പോകാം?"
അവിടെ നില്‍ക്കുന്ന ചുവന്ന പേരയില്‍ പഴുത്തതു ഉണ്ടോ എന്നു പരതുന്നതിനിടയില്‍ അവനും തയ്യാര്‍.
മുറ്റത്തു നിന്നും കുത്തനെ ഉള്ള ഒരിറക്കം. ഒറ്റയോട്ടത്തിനു ഇറക്കവുമിറങ്ങി എത്തുന്നത്‌ സ്കൂളിലേക്കുള്ള മണ്ണുവഴി.
കൂട്ടുകാര്‍ കാത്തു നില്‍ക്കുന്നു. വരാത്തവരെ കാത്തു അല്‍പ്പ നേരം. എല്ലാവരും എത്തി. പുറപ്പെടാന്‍ നേരമായി.
"ഇന്നു ആരുടെ ഊഴം? എന്റെയോ നിന്റെയോ?"
"ഇന്നലെ നിനക്കല്ലായിരുന്നോ ഏറ്റവും കടം? ഇന്നു നീ പിടിക്കണം."
"ശരി"
"പുല്ലാണോ നിലമാണോ കടം?"
"നിലം."
പുല്ലേല്‍ ചവിട്ടു കളി. ഇനി സ്കൂളുവരെ പുല്ലേല്‍ മാത്രം ചവിട്ടി വേണം പോകാന്‍. പുല്ലില്ലാത്ത നിലത്തുള്ള ഓരോ ചവിട്ടും കടം. നിലത്തു കാല്‍ വക്കുന്നതു കണ്ടു പിടിച്ചു കടമെണ്ണാന്‍ ഒരാള്‍...

പുല്ലു പിടിച്ചു കിടക്കുന്ന മണ്‍തിട്ടകള്‍ ഒരു വശത്ത്. ആ പുല്ലുകളില്‍ തൂങ്ങുന്ന കണ്ണിതുള്ളികള്‍. അതിലൊന്നടര്‍ത്തി കണ്ണില്‍ തൊടുവിച്ചാലൊ?
അന്നൊരിക്കല്‍ പെരുമഴയത്ത്‌ ഓടിച്ചെന്നു പെറുക്കിയ ആലിപ്പഴം കൊണ്ടു തൊട്ടപ്പോള്‍ മാത്രമാണു ഇതിലേറെ തണുപ്പു കണ്ണില്‍ തോന്നിയിട്ടുള്ളു....

വഴിയരികില്‍ നിന്നും കിട്ടിയ കവുങ്ങിന്റെ പാള, ഓലയെല്ലം ചീന്തിക്കളഞ്ഞു, വലിക്കാന്‍ തയ്യാറാക്കുന്നു കൂട്ടുകാരന്‍. എല്ലാവരുടെയും സഞ്ചികളും പെട്ടികളും ചോറ്റുപ്പാത്ര പൊതികളും പാളപ്പുറത്ത്‌.
"നിന്റെ സഞ്ചി കൂടെ ഇങ്ങോടു വച്ചോളൂ. ഇന്നു ഞാന്‍ പാള വലിച്ചോളാം.."

വളവു കഴിഞ്ഞു. മുളകു ചെമ്പരത്തിയില്‍ പുതിയ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ഓടിച്ചെല്ലാം. പുതിയ പൂക്കളിലെ തേനിനെ നല്ല മധുരം ഉണ്ടാകൂ. ആദ്യം ചെന്നു പറിക്കണം...

കുരുമുളകു കൊടിയുടെ ഇടയ്ക്കിരിക്കുന്ന കുരുവിക്കൂട്‌ കഴിഞ്ഞ ദിവസമാണു കണ്ടു പിടിച്ചത്‌. കൂട്ടില്‍ മൂന്നു മുട്ടകളും.
"ശ്ശൊ, ഇത്‌ ഇന്നും വിരിഞ്ഞില്ലേ? എത്ര ദിവസമായി നോക്കുന്നു"
"നീ അതേല്‍ തൊടല്ലേ.. മനുഷ്യരു തൊട്ടാല്‍ പിന്നെ മൊട്ട വിരിയില്ല."
"പോടാ.. നുണ പറയാതെ.."
"നുണയല്ല. അമ്മയാ പറഞ്ഞത്‌. മൊട്ടക്കു മനുഷ്യന്റെ മണം വന്നാല്‍, അമ്മക്കിളി പറന്നു പോകും. പിന്നെയതു വിരിയില്ല.."

പുളിമരത്തില്‍ പുളി പഴുത്തു തൂങ്ങുന്നു. ഒന്ന് കല്ലെറിഞ്ഞാലോ? അല്ലെങ്കില്‍ വേണ്ട. പറമ്പില്‍ ആള്‍ക്കാരു പണിയുന്നുണ്ട്. ചിലപ്പോള്‍ വഴക്കു പറയും. വൈകുന്നേരം ആകട്ടെ..

"ദേ നല്ല അപ്പൂപ്പന്‍ താടി നില്‍ക്കുന്നു. തണ്ടു വേണമെങ്കില്‍ ഒടിച്ചോ. സ്ലേറ്റു മായിക്കാമല്ലോ?"
"ഇന്നു കെട്ടെഴുത്തില്ലേ? നീ പഠിച്ചോ?"
"ഓ, എന്തു പഠിക്കാന്‍..നീ പഠിച്ചതല്ലേ? എഴുതുമ്പോള്‍ കാണിച്ചു തന്നാല്‍ മതി"
"ദേ...നീ ചാണകത്തില്‍ ചവിട്ടി..ഇന്നു നിനക്കു തല്ലുറപ്പ്‌"
"പോടി..അതൊക്കെ കുട്ടികള്‍ ചുമ്മാ പറഞ്ഞുണ്ടാക്കുന്നതാ"
"ഓ ശരി..നമുക്കു കാണാം..തല്ലു കൊള്ളുമ്പോഴും ഇതു തന്നെ പറയണം"

വായനശാല എത്തി. മുറ്റത്തെ ഞാവല്‍ മരം. ചുറ്റും നടന്നു നോക്കി. ഒരു പഴം പോലും ഇല്ല. താഴെ വീഴുന്നതിനു മുന്‍പേ എല്ലാം പക്ഷികള്‍ കൊണ്ടു പോകും..

"പെട്ടെന്ന് വാ.. പോകാം..ദേ ഒന്നാം മണി അടിക്കുന്നു."
"ഇന്നു നമുക്കു കുറുക്കു കയറി തോട് മുറിച്ചു പോയാലോ? അല്ലെങ്കില്‍ ആ കയറ്റവും കയറി സ്കൂളില്‍ ചെല്ലുമ്പോള്‍ താമസിക്കും."
"ഇന്നു വേണ്ട. എന്റെ കാലില്‍ റബ്ബര്‍ ചെരുപ്പാണ്. തോട്ടിലെങ്ങാനും തെറ്റി വീഴും"
"ഓ അത് സാരമില്ല. തോട്ടില്‍ ചെല്ലുമ്പോള്‍ ചെരുപ്പൂരി കൈയില്‍ പിടിച്ചാല്‍ മതി"

തോട്ടിന്‍ കരയില്‍ ഞൊട്ടാഞൊടികള്‍.. അതിന്റെ കായ്കള്‍ അറ്റം കൂട്ടിപ്പിടിച്ച്‌ നെറ്റിയില്‍ ഇടിച്ചാല്‍ ഞൊട്ട വിടുന്ന പൊലെയുള്ള ഒച്ച..
തോട്ടിന്‍ കരയിലെ ഈ മഞ്ഞയും ചുവപ്പും ഉള്ള പൂക്കള്‍ കാണാന്‍ എന്തു ഭംഗി. ഇതിന്റെ കായ്ക്കു ആരാണാവോ ചെകുത്താന്‍ കായ എന്നു പേരു വച്ചത്‌.?
"അയ്യോ ദേ രണ്ടാം മണിയും അടിച്ചു.. വാ, ഓടാം.. അല്ലെങ്കില്‍ ഇന്നും തല്ലു കിട്ടും...."