Sunday, June 21, 2009

ചില പര്യായങ്ങള്‍... സ്നേഹത്തിന്റെ

പിതാക്കന്മാര്‍ക്കായി ഒരു ദിനം...

ഈ നാടിന്‍റെ വളരെ കുറച്ചു ശീലങ്ങളെ നല്ലതെന്ന് തോന്നാറുള്ളൂ. അതിലൊന്നാണ് ഇത്. മദേഴ്സ് ഡേ, ഫാദേഴ്സ് ഡേ... അങ്ങനെ എപ്പോളും കൂടെ ഉള്ളത് കൊണ്ടു നമ്മള്‍ മറക്കാന്‍ ഇടയുള്ള ബന്ധങ്ങളുടെ പ്രത്യേകത ഓര്‍മ്മിപ്പിക്കുന്ന ചില ദിനങ്ങള്‍. ഒരു പക്ഷെ ഇതും ചില കുത്തക മുതലാളി കമ്പനികളുടെ തന്ത്രം ആയിരിക്കാം. ഈ ദിനങ്ങളുടെ പേരില്‍ മാത്രം നടന്നു പോകുന്ന കച്ചവടം ആയിരിക്കാം ലക്ഷ്യം. എങ്കിലും മാസങ്ങള്‍ക്കു മുമ്പ് ചിക്കന്‍ പോക്സ് പിടിച്ചു തളര്‍ന്നു കിടന്നിരുന്ന ഒരു ദിവസം മൂന്ന് വയസ്സുകാരന്‍ മകന്‍ ഒരു കെട്ട് പൂക്കളും ആയി വന്നു "ഹാപ്പി മദേഴ്സ് ഡേ.." എന്ന് പറഞ്ഞപ്പോള്‍ മനസ്സു നിറയുക തന്നെ ചെയ്തു.

ഓര്‍ക്കുന്നത് ആ ദിവസങ്ങള്‍ ആണ്.. ഒരുപാടു അസൌകര്യങ്ങളിലും മക്കളെ ഒന്നും അറിയിക്കാതെ വളര്‍ത്തിയ ഒരു പിതാവിനെയാണ്...

രാത്രിയില്‍ ഒരു അസുഖം വന്നാല്‍, അടുത്തെങ്ങും ഒരു വാഹന സൌകര്യം പോലും ഇല്ലാത്ത ആ ദിവസങ്ങളില്‍ മക്കളെ തോളിലെടുത്തു ആശുപത്രി വരെ ഓടുന്നതും....

മൂന്നുമാസത്തോളം ദിവസവും പഠിപ്പിച്ചിട്ടും കൈ വിട്ടു നീന്താന്‍ പേടിയുള്ള എന്നെ ഒരു ദിവസം ബലമായി എടുത്തു കുളത്തിലേക്കിട്ടു. മുങ്ങി താഴുന്നതിനിടയിലും കേട്ടു മമ്മിയുടെ കൊച്ചിനെ പിടിച്ചു കയറ്റെന്ന നിലവിളിയും അതിനുള്ള ശക്തമായ ഒരു മറുപടിയും..." ഞാന്‍ അവളുടെ അപ്പനാണെങ്കില്‍ അവളെ നോക്കാനും എനിക്കറിയാം". ആ ഉറപ്പിന്മേല്‍ അന്ന് ആദ്യമായി ഞാന്‍ കൈകള്‍ വിട്ടു നീന്തിയതും...

ഡിഗ്രിക്ക് ശേഷം തുടര്‍ന്നുള്ള പഠനത്തിന്‌ തിരഞ്ഞെടുത്തത്‌ തമിഴ് നാട്ടിലുള്ള ഒരു കോളേജ്. അഡ്മിഷനും ശരിയായി ഇരിക്കുന്ന ഒരു ദിവസം " മോള്‍ക്ക്‌ അവിടെ തന്നെ പഠിക്കണമെന്ന് നിര്‍ബന്ധമാണോ? കേരളത്തില്‍ ഏതെങ്കിലും കോളേജ് നോക്കാമോ. ഇതു കുറെ ദൂരമല്ലേ ?" എന്ന വേവലാതിയോടെ ഉള്ള ചോദ്യവും...

ജോലി അന്വോഷിക്കലും ജോലി ചെയ്യലുമൊക്കെയായി ചെന്നൈയില്‍ ആയിരുന്ന ദിവസങ്ങള്‍. ഒരു രാവിലെ പേയിംഗ് ഗസ്റ്റ്‌ ആയി താമസിച്ചിരുന്ന വീട്ടിലേക്കൊരു ഫോണ്‍ . എന്തേ ഇത്ര രാവിലെ എന്ന് ചോദിച്ചപ്പോള്‍ മോള്‍ക്ക്‌ സുഖമല്ലേ എന്നറിയാനാണെന്ന് മറുപടി. പിന്നെ മമ്മി പറഞ്ഞറിഞ്ഞു, എന്തോ സ്വപ്നം കണ്ടു 5 മണിക്ക് ഉറക്കം ഉണര്‍ന്നു ഫോണ്‍ ചെയ്യാന്‍ തുടങ്ങിയതും 7 മണി വരെ പിടിച്ചുവച്ചതും.....

വീട്ടിലെ വാശിക്കാരിയായ മകളുടെ കല്യാണം ഉറച്ച ദിവസം, മകളെ വിവാഹം കഴിക്കാന്‍ പോകുന്ന ആളെ മാറ്റി നിര്‍ത്തി " ഇത്തിരി ശുണ്ഠി ഉണ്ടെങ്കിലും അവളൊരു പാവമാണെന്ന്" ഒരു മുന്‍‌കൂര്‍ ജാമ്യവും...

ഈ നാട്ടിലേക്കു വരുന്നതിനു മുന്പേ യാത്ര പറഞ്ഞു പിരിഞ്ഞ ദിവസം..വീണ്ടും കണ്ടു പണ്ടു പഠനത്തിനായി അന്യ നാട്ടിലേക്കു പോയപ്പോള്‍ കണ്ട അതേ വേവലാതി ആ കണ്ണുകളില്‍.....

*************************

ചിക്കന്‍ പോക്സ്‌ പിടിച്ചു കിടന്ന ദിവസങ്ങളില്‍ മകന് വരണ്ടല്ലോ എന്ന ചിന്തയില്‍ ഒരാഴ്ചയോളം അവനെ അടുപ്പിച്ചില്ല. ആ പത്തു ദിവസങ്ങള്‍ കൊണ്ടു മൂന്നു വര്‍ഷത്തില്‍ മുഴുവനായി വാങ്ങിയതിലും കളിപ്പാട്ടങ്ങളും മിഠായികളും പിന്നെ അവന്‍ ചോദിച്ചതെല്ലാം അവന്റെ അപ്പ ചെയ്തു കൊടുത്തു. എന്തേ എന്ന് ചോദിച്ചാല്‍ ഉത്തരം "അവന്‍ കുഞ്ഞല്ലേ..അമ്മയുടെ സ്നേഹം അവന് ഒത്തിരി മിസ്സ്‌ ആകരുത്" എന്ന്...

*************************

തലമുറകള്‍ മാറിയാലും ചുറ്റുപാടുകള്‍ മാറിയാലും, മാറാതെ നില്ക്കുന്ന സ്നേഹം..... പ്രകടിപ്പിക്കുന്ന രീതികള്‍ക്ക് മാത്രം വ്യത്യാസം..ഞാന്‍ അറിയുന്നതും അറിയാത്തതുമായ എല്ലാ പിതാക്കന്മാര്‍ക്കും വേണ്ടി..

Tuesday, June 16, 2009

വിങ്ങുന്ന ദിനങ്ങള്‍...

അവനെ വിട്ടിട്ടു്‌ തിരിച്ചു നടന്നപ്പോള്‍ ഇന്നവന്‍ കരഞ്ഞില്ലല്ലോ എന്ന സമാധാനമായിരുന്നു.

പുതിയ ക്ലാസ്സിലേക്കു മാറ്റിയ അന്നു മുതല്‍ തുടങ്ങിയതാണ്‌ പിരിയുന്ന സമയത്തുള്ള കരച്ചില്‍.

തിരിഞ്ഞു നോക്കാന്‍ ഭയം ആയിരുന്നു. എങ്ങാനും അവന്‍ കരഞ്ഞു പോയെങ്കിലൊ എന്ന പേടി.. പക്ഷെ അറിഞ്ഞു അവന്‍ പുറകെ എത്തിയെന്ന്.

മുട്ടുകുത്തി അടുത്ത് ഇരുന്നതും അവന്‍ കെട്ടിപ്പിടിച്ചു. അവന്‍ ചിരിക്കുന്നുണ്ടായിരുന്നു. "അമ്മേ, ഞാന്‍ ഫ്രെണ്ട്സിന്റെ കൂടെ കളര്‍ ചെയ്യാന്‍ പോകുന്നു" എന്ന് അവിടെയിരുന്ന കൂട്ടുകാരെ ചൂണ്ടി കാണിച്ചു അവന്‍ പറഞ്ഞു. എങ്കിലും ആ കുഞ്ഞിക്കണ്ണുകള്‍് നനഞ്ഞിരിക്കുന്നത് ഞാന്‍ അറിഞ്ഞു. കെട്ടിപ്പിടിച്ചവന്‍ ഉമ്മകള്‍ തന്നു. ഒന്നും മിണ്ടാതെ ഞാന്‍ ഇരുന്നു. എന്തെങ്കിലും പറഞ്ഞാല്‍ ഇന്നലത്തെ പോലെ അവന്‍ കരഞ്ഞു പോകുമോ എന്ന പേടി. ഒന്‍പതു മണിക്കു എത്തേണ്ട മീറ്റിംഗിനു താമസിക്കുന്നു എന്നതു അറിയുന്നുണ്ടായിരുന്നു. പതിയെ അവനെ അടര്‍ത്തി മാറ്റി ടീച്ചറിന്റെ കൈയില്‍ ഏല്‍പ്പിച്ചിട്ട് പറഞ്ഞു "മോനും പോയി കളര്‍ ചെയ്തോളു" എന്ന്. ഒന്നും മിണ്ടാതെ അവന്‍ നോക്കി നിന്നു. തിരിഞ്ഞു നടന്നതും എത്ര ശ്രമിച്ചിട്ടും കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല.....

വൈകുന്നേരങ്ങളില്‍ അന്നു വരച്ച ഒരു പടമോ അല്ലെങ്കില്‍ കളറു ചെയ്ത പേപ്പറോ, എന്തെങ്കിലും ആയി അവന്‍ കാത്തു നില്പ്പുണ്ടായിരിക്കും. പോകുന്ന വഴിയെ അന്നു പഠിച്ച പാട്ടുകളും കഥകളും അവന്‍ പറഞ്ഞു കേള്‍പ്പിക്കും. അവന്‍ എത്ര വളര്‍ന്നുപോയി എന്ന ചിന്തയോടെ എല്ലാം കേട്ടിരിക്കും. മനസ്സില്‍ ആശ്വസിക്കും അവന്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയത് നന്നായല്ലോ എന്ന്. അവന്‍ മൂന്നു വയസ്സിലെ എല്ലാം പഠിക്കുന്നുവല്ലോ എന്ന്. ചിലപ്പോള്‍ അതൊരു സ്വയം ന്യായീകരണവും ആകാം. അവനോടു ചെയ്യുന്നത് തെറ്റോ ശരിയോ എന്നത് പലപ്പോഴും മനസ്സില്‍ വരുന്നൊരു ചോദ്യമാണ്.

കഴിഞ്ഞ ദിവസം അവന്‍ ചോദിച്ചു ഇനി എന്നാണ് നാട്ടില്‍ പോകുന്നതെന്ന്. "എന്തിനാ മോനേ" എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു അവന് ഓട്ടോറിക്ഷയില്‍ കയറണമെന്ന്. ജനുവരിയിലാണ് നാട്ടില്‍ പോയി തിരികെ വന്നത്. അവന് നാട് ഒരുപാടു മിസ്സ്‌ ചെയ്യുന്നത് ഞാന്‍ അറിയുന്നു. മാറ്റമില്ലാത്തത് എന്റെ ഉത്തരത്തിനു മാത്രം.

"നമുക്കു അടുത്ത കൊല്ലം പോകാം മോനേ"

അവന്‍ മുയലായും അമ്മ കുരങ്ങായും അഭിനയിക്കുന്ന കഥ പറയുന്ന നേരവും കഴിഞ്ഞു . അവന്‍ ഉറങ്ങി. നാളെ എങ്കിലും ആ കുഞ്ഞിക്കണ്ണുകള്‍് നനയാന്‍ ഇടയാവല്ലേ എന്ന പ്രാര്‍ത്ഥനകളോടെ ഞാനും..

Friday, June 12, 2009

സുഗന്ധം പരത്തുന്ന നാട്....


മുരിക്കാശ്ശേരി....

ഓര്‍മ്മകളുടെ തുടക്കവും ഒടുക്കവും അവിടെയാണ്..

ചിലപ്പോള്‍ ഓര്‍ക്കും ഇപ്പോള്‍ ജീവിക്കുന്ന ഈ നാട് പലതും തരുന്നു. പക്ഷെ നനവുള്ള ഓര്‍ത്തിരിക്കുന്ന ഓര്‍മ്മകള്‍ മാത്രം തരുന്നില്ല എന്ന്. ഒരു പക്ഷെ ഞാന്‍ അറിയാതെ പോകുന്നതും ആയിരിക്കാം. ഇനിയൊരിക്കല്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഇന്നത്തെ ദിനചര്യകളും ഓര്‍മ്മകളുടെ ഭാഗം ആയേക്കാം.

മലകളാല്‍ ചുറ്റപ്പെട്ട ഒരു നാട്. അവിടെ ജീവിച്ചിരുന്ന ദിനങ്ങള്‍. അതാണിപ്പോള്‍ ഓര്‍മ്മകള്‍. മനസ്സില്‍ നിറയുന്നത് നനുത്ത തണുപ്പാണ്. നിറഞ്ഞ പച്ചപ്പ്‌. തണുപ്പ് മാസങ്ങളില്‍ അരിച്ചിറങ്ങുന്ന കോടമഞ്ഞ്. സുഗന്ധം പരത്തുന്ന കുരുമുളക് തോട്ടങ്ങളും ഏലക്കാടുകളും കാപ്പിപ്പാടങ്ങളും. നന്മ നിറഞ്ഞ കുറെയേറെ മനുഷ്യര്‍. കൃഷി മാത്രം ജീവിത ഉപാധിയായിട്ടുള്ള, ഭൂമിയെ പ്രണയിച്ചു ജീവിക്കുന്നവര്‍. നഷ്ട്ടപ്പെട്ടു പോയ ബന്ധങ്ങള്‍. പിന്നെയും നഷ്ടപ്പെടാതെ നില്‍‌ക്കുന്ന അതിന്റെ ഊഷ്മളത. ഇപ്പോള്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വീട്ടിലേക്ക് വിളിക്കുന്ന ഫോണ്‍ സംഭാഷങ്ങളില്‍ ഒതുക്കേണ്ടി വരുന്നു നാട്ടിലെ വിശേഷങ്ങള്‍...

ഡിഗ്രിക്ക് പഠിക്കുമ്പോളാണ് ആദ്യമായി ആ നാട്ടില്‍ നിന്നും മാറി നിന്നത്. അഞ്ചു മണിക്കൂര്‍ നീളുന്ന യാത്ര. ഒരിക്കല്‍ ഒരു അവധിക്കൊടുവില്‍ ബസ്സ് ലേറ്റ് ആയി കോളേജ് ഇരിക്കുന്ന നഗരത്തില്‍ ചെന്നപ്പോള്‍ സമയം വൈകിട്ട് 6 കഴിഞ്ഞു . അന്നാണു ആദ്യമായി മറ്റൊരു തരം ആള്‍ക്കാരെ കാണുന്നത്. ഇരുള്‍ വീഴുമ്പോള്‍ മുഖംമൂടി മാറ്റി പുറത്തിറങ്ങുന്നവര്‍. രാത്രി 9 കഴിഞ്ഞും നാട്ടില്‍ ബസ്സ് ഇറങ്ങിയാല്‍ "എന്തെ കുട്ടി ഇത്ര താമസിച്ചു എത്തുന്നത്‌ " എന്ന സ്നേഹം നിറഞ്ഞ അന്വേഷണത്തിന് പകരമായി അന്ന് കേട്ടത് മനസ്സു മുറിപ്പെടുത്തുന്ന ചോദ്യങ്ങള്‍. എങ്ങനെയോ ഹോസ്റ്റലില്‍ എത്തി പെട്ടത് ഓര്‍ക്കുന്നു.

പതിയെ പതിയെ ഇതാണ് ലോകം എന്ന തിരിച്ചറിവിലേക്ക് വളരുക ആയിരുന്നു. എങ്കിലും നാടു മാത്രം ബാഹ്യലോകത്തിന്റെ കറ പറ്റാത്ത ഒരു ഒറ്റപ്പെട്ട തുരുത്ത് പോലെ മനസ്സില്‍ പ്രകാശിച്ചു നിന്നു. ഒരുപാടു മനസ്സു മടുക്കുമ്പോള്‍ ഓടി ചെല്ലാനൊരു ഇടം. നന്മകള്‍ ലോകത്തിനു നഷ്ടമായിട്ടില്ല എന്ന തിരിച്ചറിവില്‍ പ്രകാശം നിറയുന്ന മനസ്സോടെ മടക്ക യാത്രകള്‍.

ഇതു ശംഖു പുഷ്പങ്ങളും കാക്കപ്പൂവുകളും ഒരുപാടു വിരിയുന്ന....വീശുന്ന കാറ്റില്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ മണം പേറുന്ന....മനസ്സിലെ നന്മകള്‍ പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടു പോകാതിരിക്കാന്‍ പ്രേരിപ്പിക്കുന്ന ആ ഗ്രാമത്തിന്....

Wednesday, June 10, 2009

ഒരുനാള്‍ ഈ വഴി.......

ഒരിക്കലും ഓര്‍ത്തിട്ടില്ല ഞാന്‍ എന്നെങ്കിലും ഒരു ബ്ലോഗ് എഴുതുമെന്ന് . എപ്പോളോ കുക്കിംഗ്‌ ബ്ലോഗ്സ് കണ്ടു അത് പോലെ ഒന്നു തുടങ്ങണമെന്ന് ഓര്‍ത്തിട്ടുണ്ട്. ഒരിക്കല്‍ പോലും എന്തെങ്കിലും ഒന്നു ഉണ്ടാക്കി ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ മാത്രം ക്ഷമ ഉണ്ടായിട്ടില്ല.

ഇന്നലെ രാത്രി പനി ആയിരുന്നു. ഇടയ്ക്ക് കണ്ണ് തുറന്നപ്പോള്‍ ചെറുപ്പത്തില്‍ പനി വരുമ്പോള്‍ മമ്മി ഉണ്ടാക്കി അടുത്ത് വയ്ക്കുമായിരുന്ന കട്ടന്‍ കാപ്പി ഓര്‍മ്മ വന്നു. പനി പിടിച്ചു ഉറങ്ങുന്ന കൊച്ചിന് രാത്രി വെറും വെള്ളം കൊടുക്കരുതല്ലോ. ഉറക്കത്തില്‍ നിന്നും പനി വിട്ടു മാറുന്ന ചില സമയങ്ങളില്‍ ദേഹമെല്ലാം വിയര്‍ത്തു ചാടി എഴുനേല്‍ക്കും. എന്നിട്ട് ഒരുപാടു സ്നേഹവും അതിലേറെ മധുരവും ഉള്ള കാപ്പി എടുത്തു കുടിക്കും. അതിലും മധുരമുള്ള എന്തെങ്ങിലും ഞാന്‍ വേറെ കുടിച്ചിട്ടുട്ടോ? ഓര്‍മ്മയില്‍ എങ്ങും ഇല്ല. ഉറക്കം വരാതെ കിടന്നപ്പോള്‍ എന്തൊക്കെയോ വീണ്ടും ഓര്‍ത്തു.

രാവിലെകളില്‍ മൂടി പുതച്ചു ഉറങ്ങുമ്പോള്‍ " മോളെ തണുക്കുന്നോ, മുറ്റത്ത്‌ തീ ഇട്ടിട്ടുണ്ട്. തീ കായാന്‍ വരുന്നോ" എന്ന ഒരു ചോദ്യം ഓര്‍മ്മ വന്നു. ചാച്ചന്‍!!! പാതി ഉറക്കത്തില്‍ ഞാനും ചേട്ടായിയും പിന്നെ അനിയനും കൂടെ പുതപ്പും വാരി പുതച്ചു മുറ്റത്തിന്റെ മൂലയില്‍ തലേ ദിവസം അടിച്ച് കൂട്ടിയ കരിയിലകള്‍ക്ക് തീ കൊടുത്തിരിക്കുന്ന ആ അടുപ്പിന്റെ മുന്‍പില്‍ പോയിരിക്കും. ഓരോ കൊരണ്ടിയും എടുത്തിട്ടു്‌. ഞാന്‍ ആളി കത്തുന്ന ആ തീയിലേക്ക് നോക്കി ഇരിക്കുമായിരുന്നു. അതില്‍ വിരിയുന്ന വര്‍ണ്ണങ്ങളിലേക്ക്. ചിന്തകള്‍ കാടു കയറി. വീണ്ടും എപ്പോളോ ഉറങ്ങി.

രാവിലെ എഴുനേറ്റപ്പോള്‍ വീണ്ടും പനി. ഇന്നു ലീവ് എടുത്തു. അങ്ങനെ ആദ്യമായി എന്തോ എഴുതി. ഇനിയും ഒന്നു എഴുതുമോ എന്നത് പോലും അറിയില്ല. എങ്കിലും ഒരുനാള്‍ ഞാനും ഈ വഴി വന്നിരുന്നു എന്നൊരു ഓര്‍മ്മക്ക്....