Wednesday, July 22, 2009

ചുവപ്പ്....അര്‍ത്ഥം?


കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴും ചോദിച്ചിരുന്നു, "ഷാജി ചേട്ടന്‍ തിരികെ എത്തിയോ ?"
ഇല്ല.
ആരോ പറയുന്നതു കേട്ടു,
"ഇപ്പോള്‍ ജീവപര്യന്തം എന്നാല്‍ പത്തു പന്ത്രണ്ടു കൊല്ലം കൊണ്ടു തീരുന്നില്ല. മിക്കതും ജീവിതം മുഴുവനും അനുഭവിക്കണം .."

ഒരു കള്ളന്‍ കയറിയ കാര്യം പോലും കേള്‍ക്കാനില്ലാത്ത ആ നാട്ടിലെ അക്കാലത്തെ ഏറ്റവും വലിയ വാര്‍ത്ത ആയിരുന്നു അത്.
ഷാജി ചേട്ടന്‍ ഒരാളെ കൊന്നു.!
എല്ലാവര്‍ക്കും അന്ന് അത് മാത്രമേ പറയാനുണ്ടായിരുന്നുള്ളു.
മനുഷ്യനെ കൊല്ലുന്ന കാര്യം കഥകളില്‍ പോലും കേട്ടിട്ടില്ലാത്ത ഞങ്ങള്‍ കുട്ടികള്‍, അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങളുടെ പൊരുളറിയാതെ ഇരുന്നു.
ഒരു പക്ഷെ, കൊല്ലും കൊലയും നിത്യജീവിതതിന്റെ ഭാഗം പോലെ കാണിക്കുന്ന ഇന്നത്തെ ടി.വി. സംസ്കാരം ആ നാട്ടിലേക്ക് കടന്നു വരാന്‍ പിന്നെയും വര്‍ഷങ്ങള്‍ എടുത്തത്‌ കൊണ്ടായിരിക്കാം..

സ്കൂളിലെയും അയല്‍പക്കത്തെയും കൂട്ടുകാര്‍ക്കും അറിയേണ്ടത് അതു ഒന്നിനെക്കുറിച്ച് മാത്രമായിരുന്നു ...
എവിടെ പോയാലും ഞങ്ങള്‍ക്ക് നേരെയുള്ള ചോദ്യ ശരങ്ങള്‍ ..

ഓര്‍മ്മ വച്ച നാള് മുതലേ അറിയാം ഷാജി ചേട്ടനെ.
എന്നും പറമ്പിലെ പണികള്‍ക്ക് സഹായിക്കാന്‍ എത്തിയിരുന്ന ആള്‍...
ക്രിസ്തുമസ്സിനു പുല്‍ക്കൂടു കെട്ടാന്‍ തന്റെ വീടിന്റെ അടുത്തുള്ള അമ്പലപ്പാറയുടെ മുകളില്‍ നിന്നും ഉണങ്ങിയ ഉണ്ണീശോപ്പുല്ലു പറിച്ചു കൊണ്ടുവന്നിരുന്ന ആള്‍...
ഓണത്തിന് മൂവാണ്ടന്‍ മാവിന്റെ ഉയരമുള്ള കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടിത്തന്നിരുന്ന ആള്‍...
ഞങ്ങള്‍ കുട്ടികള്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന മുയലിന്റെ ഇഷ്ട ഭക്ഷണമായ മുള്ള് മുരിക്കിന്റെ ഇല പറിച്ചു തന്നിരുന്നതും...
കുളത്തില്‍ നിന്നും മീന്‍ പിടിക്കുമ്പോള്‍ ചൂണ്ടയില്‍ കോര്‍ക്കാന്‍ ഞാഞ്ഞൂലിനെയും വിട്ടിലിനെയും പിടിച്ചുത്തന്നിരുന്നതും...
എല്ലാത്തിനും ഞങ്ങള്‍ക്കു ശല്യപ്പെടുത്താന്‍ ഉണ്ടായിരുന്ന ആള്‍....

ആ ദിവസം ഇന്നും ഓര്‍ക്കുന്നു...
സ്കൂളിലേക്ക്‌ പോകുമ്പോള്‍ ഷാജി ചേട്ടന്‍ വീട്ടിലേക്ക്‌ വരുന്നതു കണ്ടതാണ്‌. പറമ്പില്‍ എന്തോ ജോലി ...
ഇടക്കു ബന്ധുക്കള്‍ ആരൊക്കെയോ അന്വോഷിച്ചു വന്നിരുന്നത്രേ .
അയല്‍പ്പക്കത്തെ കുടുംബവുമായി എന്തോ അതിരു തര്‍ക്കവും വഴക്കും.
ആ വഴക്കു പറഞ്ഞു തീര്‍ക്കാന്‍ കൂട്ടിക്കൊണ്ടു പോയതായിരുന്നു .
സ്കൂള്‍ വിട്ടു വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ അറിഞ്ഞു
- ഷാജി ചേട്ടന്‍ ഒരാളെ കൊന്നു !! .

കൊല്ലുക എന്നതു പാപം ആണെന്നു മാത്രം അറിഞ്ഞിരുന്ന പ്രായം.
സംശയങ്ങള്‍ ചോദിച്ചപ്പോളൊക്കെ അതു നിങ്ങള്‍ കുട്ടികള്‍ അറിയേണ്ട കാര്യമല്ലെന്ന മറുപടി .
ദു: സ്വപ്‌നങ്ങള്‍ കണ്ടു ഞെട്ടി എഴുന്നേറ്റ രാത്രികള്‍
പിന്നെ ആരൊക്കെയോ പറഞ്ഞറിഞ്ഞു....
കുറച്ചു ദിവസം ഒളിവിലായതിനു ശേഷം പോലിസിനു പിടികൊടുത്തു ...
ഇപ്പോള്‍ ജയിലില്‍.. വാര്‍ത്തകള്‍ പിന്നെയും നീണ്ടു.
ഒരിക്കല്‍ ചാച്ചന്‍ കാണാന്‍ പോയതു ഓര്‍ക്കുന്നു.
പിന്നീടു എപ്പോളോ പതിയെ മറന്നു തുടങ്ങി....

അന്നൊരു അവധി ദിവസം...
മുറ്റത്തു വന്നു നില്‍ക്കുന്ന ആളെക്കണ്ടു പേടിയോടെ അകത്തേക്കു ഓടി ചാച്ചനോടു പറഞ്ഞതു ഓര്‍ക്കുന്നു.
"മുന്‍വശത്തു ഷാജി ചേട്ടന്‍ വന്നു നില്‍ക്കുന്നു"
പരോളില്‍ നാട്ടില്‍ വന്നിട്ടുണ്ടെന്നു ആരോ പറഞ്ഞു കേട്ടിരുന്നു.
അവരു രണ്ടു പേരും സംസാരിക്കുന്നതു അകത്തു മാറി ജനലിലൂടെ നോക്കി നിന്നു.
എപ്പോളോ ആ കണ്ണുകളില്‍ നോട്ടം ചെന്നു.
"ജയിലിലുള്ള എല്ലാവരുടെയും കണ്ണുകള്‍ ഇങ്ങനെ ചുവന്നിരിക്കുമോ"
അതായിരുന്നു മനസ്സിലൂടെ കടന്നു പോയ ചിന്ത.
എറെ നേരം കഴിഞ്ഞു കാപ്പി എല്ലാം കുടിച്ചു തിരിച്ചു പോയി.
അരികില്‍ പോകാന്‍ ഭയന്ന്... ഒന്നു മുഖം പോലും കൊടുക്കാതെ എല്ലാം നോക്കി ദൂരെ എവിടെയോ നിന്നു ഞാന്‍.

പിന്നെയുള്ള ഓര്‍മ്മ ചാച്ചന്റെ വാക്കുകളാണ്‌.
"ഒരു നിമിഷത്തെ ആവേശത്തിന്റെ പേരില്‍ ചെയ്തു പോയ ഒരു വലിയ തെറ്റു്‌.
ഒരു ഇരുപതു വയസ്സുകാരന്റെ അവിവേകം. "
ഒരു ജീവിതം ജീവിച്ചു തീര്‍ന്നാലും അതു തിരുത്താന്‍ പറ്റില്ല എന്ന തിരിച്ചറിവ്
എല്ലാം ഒരു ഏറ്റു പറച്ചിലായിരുന്നുവോ?..
അന്നാണു അവസ്സാനമായി കണ്ടത്.
ആ ദിവസത്തിനു ശേഷം പിന്നീടൊരിക്കലും ഞാന്‍ ഉറക്കത്തില്‍ ഞെട്ടിയിട്ടില്ല.

ഒരു കുട്ടിയുടെ മനസ്സിനുമപ്പുറം, ആ കണ്ണിലെ ചുവപ്പു്‌ എന്തായിരുന്നുവെന്നു തിരിച്ചറിയാന്‍ ഒരുപാടു സമയവും എടുത്തില്ല.

വര്‍ഷങ്ങള്‍ക്ക് വേഗത കൂടി..
മാറി മാറി വരുന്ന സര്‍ക്കാരുകളില്‍ ഏതെങ്കിലും ഒന്നു ഒരിക്കല്‍ കനിയുമായിരിക്കാം.
ഇരുമ്പഴികളില്‍ നിന്നും ഒരിക്കല്‍ മോചിക്കപ്പെടുമെന്ന പ്രതീക്ഷ ഇപ്പോഴും ഉണ്ടായിരിക്കാം...
ആ കണ്ണുകളില്‍ ചുവപ്പും ഉണ്ടായിരിക്കാം.....

Sunday, July 5, 2009

ഓര്‍മ്മയിലെ സൗരഭ്യങ്ങള്‍‌...


ദിവസം രാവിലെ ഉണരുമ്പോളേ അറിയാം പ്രകൃതിയില്‍ നിറഞ്ഞു നില്‍്ക്കുന്ന സൗരഭ്യം...
കാപ്പികള്‍ പൂക്കുന്ന ദിനം.....
ഭൂമി മുഴുവന്‍് അതിന്റെ പരിമളം നിറഞ്ഞു നില്‍ക്കുകയാണെന്ന് തോന്നും.
എല്ലാ കാപ്പിച്ചെടികളും പൂക്കുന്നതു ഒരേ ദിവസമാണ്.
ആ ദിവസം എല്ലാ ചെടികളും ഒരുമിച്ചെങ്ങനെ പൂക്കുന്നു എന്ന ചിന്ത അന്നും ഇന്നും കൗതുകം ഉണര്‍ത്താറുണ്ട്.
സ്കൂളിലേക്കുള്ള വഴിയേ പൂക്കള്‍ പറിച്ചു കൈ നിറയെയും ബാഗിലും കൂട്ടി വക്കും.
അതിന്റെ മണം ഒരിക്കലും മായരുതേ എന്ന് ആഗ്രഹിക്കും.
വൈകിട്ട് ആകുമ്പോഴേക്കും സൗരഭ്യം കുറഞ്ഞു തുടങ്ങും.
പിറ്റേന്ന് രാവിലെ ആകുമ്പോഴേക്കും പൂക്കള്‍ കൊഴിഞ്ഞു തുടങ്ങും. ഒറ്റ ദിവസ്സമാണ്‌ ആയുസ്സ്‌.
അതിനുള്ളില്‍ ഭൂമിയെ സ്വന്തം പരിമളത്താല്‍് സൗരഭ്യവതിയാക്കി മടക്കം....

കശുമാവുകള്‍് അവിടെ കുറവാണെങ്കിലും വീടുകള്‍ തോറും ഒന്നോ രണ്ടോ മരങ്ങള്‍ കാണാറുണ്ട്.
മുറ്റത്തു കൂട്ടുന്ന തീയില്‍ കശുവണ്ടികള്‍ ചുട്ടു തിന്നുന്നത്‌ ആ നാളുകളിലെ വല്യ സന്തോഷങ്ങളില്‍ ഒന്നായിരുന്നു.
അതിന്റെ കറ പറ്റി മുഖത്ത് ഉണ്ടാകാറുള്ള പാടുകള്‍ പതിവായിരുന്നു.
എന്തെന്ന് അറിയില്ല മുതിര്‍ന്നവര്‍ പറയുമായിരുന്നു മഴ പെയ്തു കഴിയുമ്പോഴാണ് കശുവണ്ടി ചുടേണ്ടതെന്നു്‌.
വേനലിനൊടുവില്‍് മഴ പെയ്യുന്ന ദിവസം.
ഉണങ്ങിയ മണ്ണില്‍ പുതുമഴ പെയ്യൂമ്പോള്‍ ഉണരുന്ന സൗരഭ്യം.
മഴ പാറി..നനഞ്ഞ ഭൂമിയും പുതുമഴയുടെ ലഹരി പിടിപ്പിക്കുന്ന സുഗന്ധവും പിന്നെ ഓരോ വീടുകളില്‍ നിന്നും കശുവണ്ടി ചുടുമ്പോള്‍ പടരുന്ന കൊതി പിടിപ്പിക്കുന്ന മണവും.
രണ്ടും ഇട കലര്‍ന്നു ഒന്നായി വായുവില്‍ പടര്‍ന്ന്‌...

കുരുമുളകു പാകമായി വിളവെടുക്കുന്ന മാസം.
സഹായത്തിനു എത്തിയിരുന്ന എട്ടു പത്തു ജോലിക്കാര്‍.
പഴയ കൈലിമുണ്ടുകള്‍ കെട്ടി പുറത്തു തൂക്കിയ സഞ്ചികളുമായി കൊടികള്‍ തോറും ഏണി വച്ചു കയറി... രാവിലെ മുതല്‍ മുളകു പറിക്കല്‍....
ആരെങ്കിലും ഒരാള്‍ അതു ചുമന്നു അടുക്കള വശത്തെ തിണ്ണയില്‍ കൂട്ടൂം.
മൂന്നു മണിയോടെ എല്ലാവരും പറമ്പില്‍ നിന്നും തിരികെ.
പിന്നെ മുളകു മെതിക്കല്‍.
ആദ്യം കൂട്ടിയിട്ടിക്കുന്ന മുളകെല്ലാം നിരത്തി അതിനു മുകളിലൂടെ അപ്പോള്‍ പാടുന്ന ഒരു പാട്ടിനൊപ്പിച്ച് ഒരുമിച്ചുള്ള ചുവടു വയ്ക്കല്‍.
പിന്നെ ഉതിര്‍ന്ന മുളക് ചണ്ടിയില്‍ നിന്നും വേര്‍തിരിച്ചു മാറ്റി, മിച്ചമുള്ളവയ്ക്കായി ചണ്ടി കൂട്ടി ഇട്ടുള്ള മെതിക്കല്‍.
പരിസരം നിറയുന്ന പച്ച കുരുമുളകിന്റെ സുഗന്ധം...

സ്കൂളിലെക്കു ഒന്നര കിലോമീറ്ററോളം നടക്കണം.
പോകുന്നതും വരുന്നതും ആ ഭാഗത്തു നിന്നും ഉള്ള എല്ലാവരോടും ഒപ്പം ഒരു സൈന്യമായിട്ടു്‌.
കുറെ കാത്തു നിന്നിട്ടും എത്താതേ വരുന്നവര്‍ക്കായി, മുന്‍പേ പറഞ്ഞു വച്ചിരിക്കുന്ന സ്ഥലത്തു ഒരു ഇലയും അതിന്റെ മേലൊരു കല്ലും വച്ചു, കാത്തു നില്‍പ്പിനു ശേഷം നടന്നു എന്ന് അടയാളം കൊടുത്തിരുന്ന ദിനങ്ങള്‍.
ദിവസത്തിനൊടുവില്‍ അന്നത്തെ ഓട്ടത്തിന്റെയും കളിയുടെയും ഭാഗമായി ഒരു മുറിവോ പരുക്കോ ഇല്ലാതെ തിരിച്ചു പോയിരുന്ന ദിനങ്ങള്‍ ചുരുക്കം.
എല്ലാ മുറിവുകള്‍ക്കും ഒരേ ഒരു മരുന്ന്...
കമ്മ്യൂണിസ്റ്റു പച്ചയുടെ തളിരിലകള്‍ ഞരടി മുറിവില്‍ ഇറ്റിക്കുന്ന നീരും, അതിന്റെ മെലേ വയ്ക്കാന്‍ തൈ തെങ്ങിന്റെ പോളയില്‍ നിന്നും ചുരണ്ടിയെടുക്കുന്ന പൊടിയും.
മുറിവും കൈകളും പിന്നെ ഇട്ടിരിക്കുന്ന ഉടുപ്പും എല്ലാം അതിന്റെ സൗരഭ്യത്തില്‍....