പിതാക്കന്മാര്‍ക്കായി ഒരു ദിനം...
ഈ നാടിന്‍റെ വളരെ കുറച്ചു ശീലങ്ങളെ നല്ലതെന്ന് തോന്നാറുള്ളൂ. അതിലൊന്നാണ് ഇത്. മദേഴ്സ് ഡേ, ഫാദേഴ്സ് ഡേ... അങ്ങനെ എപ്പോളും കൂടെ ഉള്ളത് കൊണ്ടു നമ്മള്‍ മറക്കാന്‍ ഇടയുള്ള ബന്ധങ്ങളുടെ പ്രത്യേകത ഓര്‍മ്മിപ്പിക്കുന്ന ചില ദിനങ്ങള്‍. ഒരു പക്ഷെ ഇതും ചില കുത്തക മുതലാളി കമ്പനികളുടെ തന്ത്രം ആയിരിക്കാം. ഈ ദിനങ്ങളുടെ പേരില്‍ മാത്രം നടന്നു പോകുന്ന കച്ചവടം ആയിരിക്കാം ലക്ഷ്യം. എങ്കിലും മാസങ്ങള്‍ക്കു മുമ്പ് ചിക്കന്‍ പോക്സ് പിടിച്ചു തളര്‍ന്നു കിടന്നിരുന്ന ഒരു ദിവസം മൂന്ന് വയസ്സുകാരന്‍ മകന്‍ ഒരു കെട്ട് പൂക്കളും ആയി വന്നു "ഹാപ്പി മദേഴ്സ് ഡേ.." എന്ന് പറഞ്ഞപ്പോള്‍ മനസ്സു നിറയുക തന്നെ ചെയ്തു.
ഓര്‍ക്കുന്നത് ആ ദിവസങ്ങള്‍ ആണ്.. ഒരുപാടു അസൌകര്യങ്ങളിലും മക്കളെ ഒന്നും അറിയിക്കാതെ വളര്‍ത്തിയ ഒരു പിതാവിനെയാണ്...
രാത്രിയില്‍ ഒരു അസുഖം വന്നാല്‍, അടുത്തെങ്ങും ഒരു വാഹന സൌകര്യം പോലും ഇല്ലാത്ത ആ ദിവസങ്ങളില്‍ മക്കളെ തോളിലെടുത്തു ആശുപത്രി വരെ ഓടുന്നതും....
മൂന്നുമാസത്തോളം ദിവസവും പഠിപ്പിച്ചിട്ടും കൈ വിട്ടു നീന്താന്‍ പേടിയുള്ള എന്നെ ഒരു ദിവസം ബലമായി എടുത്തു കുളത്തിലേക്കിട്ടു. മുങ്ങി താഴുന്നതിനിടയിലും കേട്ടു മമ്മിയുടെ കൊച്ചിനെ പിടിച്ചു കയറ്റെന്ന നിലവിളിയും അതിനുള്ള ശക്തമായ ഒരു മറുപടിയും..." ഞാന്‍ അവളുടെ അപ്പനാണെങ്കില്‍ അവളെ നോക്കാനും എനിക്കറിയാം". ആ ഉറപ്പിന്മേല്‍ അന്ന് ആദ്യമായി ഞാന്‍ കൈകള്‍ വിട്ടു നീന്തിയതും...
ഡിഗ്രിക്ക് ശേഷം തുടര്‍ന്നുള്ള പഠനത്തിന് തിരഞ്ഞെടുത്തത് തമിഴ് നാട്ടിലുള്ള ഒരു കോളേജ്. അഡ്മിഷനും ശരിയായി ഇരിക്കുന്ന ഒരു ദിവസം " മോള്‍ക്ക് അവിടെ തന്നെ പഠിക്കണമെന്ന് നിര്‍ബന്ധമാണോ? കേരളത്തില്‍ ഏതെങ്കിലും കോളേജ് നോക്കാമോ. ഇതു കുറെ ദൂരമല്ലേ ?" എന്ന വേവലാതിയോടെ ഉള്ള ചോദ്യവും...
ജോലി അന്വോഷിക്കലും ജോലി ചെയ്യലുമൊക്കെയായി ചെന്നൈയില്‍ ആയിരുന്ന ദിവസങ്ങള്‍. ഒരു രാവിലെ പേയിംഗ് ഗസ്റ്റ് ആയി താമസിച്ചിരുന്ന വീട്ടിലേക്കൊരു ഫോണ്‍ . എന്തേ ഇത്ര രാവിലെ എന്ന് ചോദിച്ചപ്പോള്‍ മോള്‍ക്ക് സുഖമല്ലേ എന്നറിയാനാണെന്ന് മറുപടി. പിന്നെ മമ്മി പറഞ്ഞറിഞ്ഞു, എന്തോ സ്വപ്നം കണ്ടു 5 മണിക്ക് ഉറക്കം ഉണര്‍ന്നു ഫോണ്‍ ചെയ്യാന്‍ തുടങ്ങിയതും 7 മണി വരെ പിടിച്ചുവച്ചതും.....
വീട്ടിലെ വാശിക്കാരിയായ മകളുടെ കല്യാണം ഉറച്ച ദിവസം, മകളെ വിവാഹം കഴിക്കാന്‍ പോകുന്ന ആളെ മാറ്റി നിര്‍ത്തി " ഇത്തിരി ശുണ്ഠി ഉണ്ടെങ്കിലും അവളൊരു പാവമാണെന്ന്" ഒരു മുന്‍കൂര്‍ ജാമ്യവും...
ഈ നാട്ടിലേക്കു വരുന്നതിനു മുന്പേ യാത്ര പറഞ്ഞു പിരിഞ്ഞ ദിവസം..വീണ്ടും കണ്ടു പണ്ടു പഠനത്തിനായി അന്യ നാട്ടിലേക്കു പോയപ്പോള്‍ കണ്ട അതേ വേവലാതി ആ കണ്ണുകളില്‍.....
*************************
ചിക്കന്‍ പോക്സ് പിടിച്ചു കിടന്ന ദിവസങ്ങളില്‍ മകന് വരണ്ടല്ലോ എന്ന ചിന്തയില്‍ ഒരാഴ്ചയോളം അവനെ അടുപ്പിച്ചില്ല. ആ പത്തു ദിവസങ്ങള്‍ കൊണ്ടു മൂന്നു വര്‍ഷത്തില്‍ മുഴുവനായി വാങ്ങിയതിലും കളിപ്പാട്ടങ്ങളും മിഠായികളും പിന്നെ അവന്‍ ചോദിച്ചതെല്ലാം അവന്റെ അപ്പ ചെയ്തു കൊടുത്തു. എന്തേ എന്ന് ചോദിച്ചാല്‍ ഉത്തരം "അവന്‍ കുഞ്ഞല്ലേ..അമ്മയുടെ സ്നേഹം അവന് ഒത്തിരി മിസ്സ് ആകരുത്" എന്ന്...
*************************
തലമുറകള്‍ മാറിയാലും ചുറ്റുപാടുകള്‍ മാറിയാലും, മാറാതെ നില്ക്കുന്ന സ്നേഹം..... പ്രകടിപ്പിക്കുന്ന രീതികള്‍ക്ക് മാത്രം വ്യത്യാസം..ഞാന്‍ അറിയുന്നതും അറിയാത്തതുമായ എല്ലാ പിതാക്കന്മാര്‍ക്കും വേണ്ടി..