Wednesday, July 22, 2009

ചുവപ്പ്....അര്‍ത്ഥം?


കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴും ചോദിച്ചിരുന്നു, "ഷാജി ചേട്ടന്‍ തിരികെ എത്തിയോ ?"
ഇല്ല.
ആരോ പറയുന്നതു കേട്ടു,
"ഇപ്പോള്‍ ജീവപര്യന്തം എന്നാല്‍ പത്തു പന്ത്രണ്ടു കൊല്ലം കൊണ്ടു തീരുന്നില്ല. മിക്കതും ജീവിതം മുഴുവനും അനുഭവിക്കണം .."

ഒരു കള്ളന്‍ കയറിയ കാര്യം പോലും കേള്‍ക്കാനില്ലാത്ത ആ നാട്ടിലെ അക്കാലത്തെ ഏറ്റവും വലിയ വാര്‍ത്ത ആയിരുന്നു അത്.
ഷാജി ചേട്ടന്‍ ഒരാളെ കൊന്നു.!
എല്ലാവര്‍ക്കും അന്ന് അത് മാത്രമേ പറയാനുണ്ടായിരുന്നുള്ളു.
മനുഷ്യനെ കൊല്ലുന്ന കാര്യം കഥകളില്‍ പോലും കേട്ടിട്ടില്ലാത്ത ഞങ്ങള്‍ കുട്ടികള്‍, അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങളുടെ പൊരുളറിയാതെ ഇരുന്നു.
ഒരു പക്ഷെ, കൊല്ലും കൊലയും നിത്യജീവിതതിന്റെ ഭാഗം പോലെ കാണിക്കുന്ന ഇന്നത്തെ ടി.വി. സംസ്കാരം ആ നാട്ടിലേക്ക് കടന്നു വരാന്‍ പിന്നെയും വര്‍ഷങ്ങള്‍ എടുത്തത്‌ കൊണ്ടായിരിക്കാം..

സ്കൂളിലെയും അയല്‍പക്കത്തെയും കൂട്ടുകാര്‍ക്കും അറിയേണ്ടത് അതു ഒന്നിനെക്കുറിച്ച് മാത്രമായിരുന്നു ...
എവിടെ പോയാലും ഞങ്ങള്‍ക്ക് നേരെയുള്ള ചോദ്യ ശരങ്ങള്‍ ..

ഓര്‍മ്മ വച്ച നാള് മുതലേ അറിയാം ഷാജി ചേട്ടനെ.
എന്നും പറമ്പിലെ പണികള്‍ക്ക് സഹായിക്കാന്‍ എത്തിയിരുന്ന ആള്‍...
ക്രിസ്തുമസ്സിനു പുല്‍ക്കൂടു കെട്ടാന്‍ തന്റെ വീടിന്റെ അടുത്തുള്ള അമ്പലപ്പാറയുടെ മുകളില്‍ നിന്നും ഉണങ്ങിയ ഉണ്ണീശോപ്പുല്ലു പറിച്ചു കൊണ്ടുവന്നിരുന്ന ആള്‍...
ഓണത്തിന് മൂവാണ്ടന്‍ മാവിന്റെ ഉയരമുള്ള കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടിത്തന്നിരുന്ന ആള്‍...
ഞങ്ങള്‍ കുട്ടികള്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന മുയലിന്റെ ഇഷ്ട ഭക്ഷണമായ മുള്ള് മുരിക്കിന്റെ ഇല പറിച്ചു തന്നിരുന്നതും...
കുളത്തില്‍ നിന്നും മീന്‍ പിടിക്കുമ്പോള്‍ ചൂണ്ടയില്‍ കോര്‍ക്കാന്‍ ഞാഞ്ഞൂലിനെയും വിട്ടിലിനെയും പിടിച്ചുത്തന്നിരുന്നതും...
എല്ലാത്തിനും ഞങ്ങള്‍ക്കു ശല്യപ്പെടുത്താന്‍ ഉണ്ടായിരുന്ന ആള്‍....

ആ ദിവസം ഇന്നും ഓര്‍ക്കുന്നു...
സ്കൂളിലേക്ക്‌ പോകുമ്പോള്‍ ഷാജി ചേട്ടന്‍ വീട്ടിലേക്ക്‌ വരുന്നതു കണ്ടതാണ്‌. പറമ്പില്‍ എന്തോ ജോലി ...
ഇടക്കു ബന്ധുക്കള്‍ ആരൊക്കെയോ അന്വോഷിച്ചു വന്നിരുന്നത്രേ .
അയല്‍പ്പക്കത്തെ കുടുംബവുമായി എന്തോ അതിരു തര്‍ക്കവും വഴക്കും.
ആ വഴക്കു പറഞ്ഞു തീര്‍ക്കാന്‍ കൂട്ടിക്കൊണ്ടു പോയതായിരുന്നു .
സ്കൂള്‍ വിട്ടു വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ അറിഞ്ഞു
- ഷാജി ചേട്ടന്‍ ഒരാളെ കൊന്നു !! .

കൊല്ലുക എന്നതു പാപം ആണെന്നു മാത്രം അറിഞ്ഞിരുന്ന പ്രായം.
സംശയങ്ങള്‍ ചോദിച്ചപ്പോളൊക്കെ അതു നിങ്ങള്‍ കുട്ടികള്‍ അറിയേണ്ട കാര്യമല്ലെന്ന മറുപടി .
ദു: സ്വപ്‌നങ്ങള്‍ കണ്ടു ഞെട്ടി എഴുന്നേറ്റ രാത്രികള്‍
പിന്നെ ആരൊക്കെയോ പറഞ്ഞറിഞ്ഞു....
കുറച്ചു ദിവസം ഒളിവിലായതിനു ശേഷം പോലിസിനു പിടികൊടുത്തു ...
ഇപ്പോള്‍ ജയിലില്‍.. വാര്‍ത്തകള്‍ പിന്നെയും നീണ്ടു.
ഒരിക്കല്‍ ചാച്ചന്‍ കാണാന്‍ പോയതു ഓര്‍ക്കുന്നു.
പിന്നീടു എപ്പോളോ പതിയെ മറന്നു തുടങ്ങി....

അന്നൊരു അവധി ദിവസം...
മുറ്റത്തു വന്നു നില്‍ക്കുന്ന ആളെക്കണ്ടു പേടിയോടെ അകത്തേക്കു ഓടി ചാച്ചനോടു പറഞ്ഞതു ഓര്‍ക്കുന്നു.
"മുന്‍വശത്തു ഷാജി ചേട്ടന്‍ വന്നു നില്‍ക്കുന്നു"
പരോളില്‍ നാട്ടില്‍ വന്നിട്ടുണ്ടെന്നു ആരോ പറഞ്ഞു കേട്ടിരുന്നു.
അവരു രണ്ടു പേരും സംസാരിക്കുന്നതു അകത്തു മാറി ജനലിലൂടെ നോക്കി നിന്നു.
എപ്പോളോ ആ കണ്ണുകളില്‍ നോട്ടം ചെന്നു.
"ജയിലിലുള്ള എല്ലാവരുടെയും കണ്ണുകള്‍ ഇങ്ങനെ ചുവന്നിരിക്കുമോ"
അതായിരുന്നു മനസ്സിലൂടെ കടന്നു പോയ ചിന്ത.
എറെ നേരം കഴിഞ്ഞു കാപ്പി എല്ലാം കുടിച്ചു തിരിച്ചു പോയി.
അരികില്‍ പോകാന്‍ ഭയന്ന്... ഒന്നു മുഖം പോലും കൊടുക്കാതെ എല്ലാം നോക്കി ദൂരെ എവിടെയോ നിന്നു ഞാന്‍.

പിന്നെയുള്ള ഓര്‍മ്മ ചാച്ചന്റെ വാക്കുകളാണ്‌.
"ഒരു നിമിഷത്തെ ആവേശത്തിന്റെ പേരില്‍ ചെയ്തു പോയ ഒരു വലിയ തെറ്റു്‌.
ഒരു ഇരുപതു വയസ്സുകാരന്റെ അവിവേകം. "
ഒരു ജീവിതം ജീവിച്ചു തീര്‍ന്നാലും അതു തിരുത്താന്‍ പറ്റില്ല എന്ന തിരിച്ചറിവ്
എല്ലാം ഒരു ഏറ്റു പറച്ചിലായിരുന്നുവോ?..
അന്നാണു അവസ്സാനമായി കണ്ടത്.
ആ ദിവസത്തിനു ശേഷം പിന്നീടൊരിക്കലും ഞാന്‍ ഉറക്കത്തില്‍ ഞെട്ടിയിട്ടില്ല.

ഒരു കുട്ടിയുടെ മനസ്സിനുമപ്പുറം, ആ കണ്ണിലെ ചുവപ്പു്‌ എന്തായിരുന്നുവെന്നു തിരിച്ചറിയാന്‍ ഒരുപാടു സമയവും എടുത്തില്ല.

വര്‍ഷങ്ങള്‍ക്ക് വേഗത കൂടി..
മാറി മാറി വരുന്ന സര്‍ക്കാരുകളില്‍ ഏതെങ്കിലും ഒന്നു ഒരിക്കല്‍ കനിയുമായിരിക്കാം.
ഇരുമ്പഴികളില്‍ നിന്നും ഒരിക്കല്‍ മോചിക്കപ്പെടുമെന്ന പ്രതീക്ഷ ഇപ്പോഴും ഉണ്ടായിരിക്കാം...
ആ കണ്ണുകളില്‍ ചുവപ്പും ഉണ്ടായിരിക്കാം.....

21 comments:

Ajith Nair said...

മനസ്സില്‍ തറക്കുന്ന ഒരു ഓര്‍മ..
നന്നായി ദീപ്തി

Typist | എഴുത്തുകാരി said...

അതെ, ഒരു നിമിഷം മനസ്സ്‌ നിയന്ത്രണം വിട്ട് ചെയ്തുപോയതിനു്, ഒരു ജീവിതം മുഴുവന്‍ വിലയായി കൊടുക്കേണ്ടിവരുന്നു.

Vpin said...

ഇത് ഷാജി ചേട്ടന് പണി ആകും....

എല്ലാരും മറന്നു തുടങ്ങിയ അയാളെ കുറിച്ച് ബ്ലോഗ്‌ എഴുതി എന്ന് പറഞ്ഞു ആ കത്തിയില്‍ വീണ്ടും ചുവപ്പ് പറ്റും....

അപ്പോള്‍ അതിനെ പറ്റി ഞാന്‍ ഒരു ബ്ലോഗ്‌ എഴുത്തും.

വിപിന്‍ said...

ഒരു കാര്യം പറയാന്‍ മറന്നു... നന്നായിട്ടുണ്ട്...

കുമാരന്‍ | kumaran said...

പാവം. അദ്ദേഹം വേഗം മോചിതനാവട്ടെ.
മനോഹരമായ എഴുത്ത്..

ramaniga said...

ജീവിതം ഒരു മിനിട്ടുകൊണ്ട് താറു മാറാകും!
post നന്നായി!

അനില്‍@ബ്ലോഗ് said...

അങ്ങിനെ എത്ര ഷാജിമാര്‍ !
നല്ല എഴുത്ത്.

ശംഖു പുഷ്പം said...

അജിത്‌,
ഒത്തിരി താങ്ക്സ് കേട്ടോ..:) ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒരുപാടു സന്തോഷം..

Typist | എഴുത്തുകാരി,
വരവിനും അഭിപ്രായത്തിനും നന്ദി..

Vipin,
പേനയൊക്കെ റെഡി ആക്കി കാത്തിരുന്നോ...:)

കുമാരന്‍,
ഒത്തിരി സന്തോഷം..വരവിനും അഭിപ്രായത്തിനും നന്ദി..

ramaniga,
ഈ വഴി വന്നതിനും അഭിപ്രായത്തിനും നന്ദി..

അനില്‍@ബ്ലോഗ്,
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം..
അഭിപ്രായത്തിനു നന്ദി....

കെ ജി സൂരജ് said...

ഇഷ്‌ട്ടമായി..
അനുഭവം കുറച്ചു കൂടി വ്യക്തമാക്കാമായിരുന്നു....

ശ്രീ said...

എഴുത്ത് നന്നായിരിയ്ക്കുന്നു. ഷാജി ചേട്ടനെ വായനക്കാര്‍ക്കും മനസ്സു കൊണ്ട് കാണാനാകുന്നു. അദ്ദേഹം എത്രയും വേഗം സ്വതന്ത്രനാകട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം

the man to walk with said...

ishtaayi ..touching

താരകൻ said...

ഷാജിയുടെകഥ വളരെ ടച്ചിംഗ് ആയി എഴുതിയിരിക്കുന്നു..

Thusharam said...

Deepthy it is so touching .your way of telling the story is super. This is telling to us . Emotional decisions can make your whole life will be pain not your's, other too. We should think about his family and who died. ….it is too much .
Keep writing deepthy .All the best

Your friend
Binoj

arun said...

ആര്‍ദ്രമായ ഒരു നല്ല ഓര്‍മ്മക്കുറിപ്പ്!ഷാജിച്ചേട്ടന്‌ എത്രയും പെട്ടന്ന് പുറത്ത് വരാന്‍ കഴിയട്ടെ എന്ന് പ്രത്യാശിക്കാം

ശംഖു പുഷ്പം said...

സൂരജ്... ശ്രീ ...the man to walk with ...താരകൻ...Binoj...Arun....

എല്ലാവര്‍ക്കും....ഈ വഴി വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും ഒരുപാടു നന്ദി..

Reshvin said...

Kashtam thonni...oru nimisham niyanthranam vittathinte shiksha...vendathil eerae anuvhavichitundavum ithinullil...Ennal arinju kondu mattullavarae upadravikkukayum kollukayum okkae cheyunnavar swathantrarayi nammudae idayil nadakkunnu eenarorkkumbol nammal jeevikkunna samoohathodu pucham thonnunnu....

മയൂര said...

ഓര്‍മ്മക്കിറിപ്പ് നന്നായി. ഇതിലുടെ എഴുതിയ ആളിന്റെ നല്ല മനസും കാണാന്‍ കഴിഞ്ഞു. :)

കടിഞൂല്‍ പൊട്ടന്‍ said...

വളരെ നന്നായിരിക്കുന്നു.. Really touching..!!!

മഷിത്തണ്ട് said...

nalla avatharanam
nannaayi

Sureshkumar Punjhayil said...

Jeevitha vaziyile chila nalla mughangal...!

Manoharam, Ashamsakal...!

ശംഖു പുഷ്പം said...

Reshvin, മയൂര, കടിഞൂല്‍ പൊട്ടന്‍, മഷിത്തണ്ട്, Sureshkumar Punjhayil...

വരവിനും അഭിപ്രായങ്ങള്‍‌ക്കും ഒത്തിരി നന്ദി..സ്നേഹപൂര്‍‌വം...